യുക്രൈനിലെ വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന പുലികളെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി. ആന്ധ്രാപ്രദേശ് സ്വദേശിയായ ഗിരികുമാര്‍ പാട്ടീലാണ് മൃഗങ്ങളുടെ പരിപാലനം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങാന്‍ മടിക്കുന്നത്. മൃഗങ്ങളോടുള്ള ഗിരികുമാറിന്റെ സ്നേഹവും അനുകമ്പയും ഏറെ പ്രശംസനീയമാണെന്ന് ഇ മെയില്‍ സന്ദേശത്തില്‍ ചിരഞ്ജീവി പറഞ്ഞു.
ചിരഞ്ജീവി ചിത്രം ലങ്കേശ്വരുഡുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുള്ളിപ്പുലിയേയും കരിമ്പുലിയേയും ഗിരികുമാര്‍ വീട്ടില്‍ വളര്‍ത്തുന്നത്. യുദ്ധ ഭീതിയിലായത് മുതല്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പരിപാലനം കണക്കിലെടുത്ത് ആക്രമണം രൂക്ഷമായ ലുഹാന്‍സക് മേഖലയില്‍ തന്നെ തുടരുകയാണെന്ന് ഗിരികുമാര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. രണ്ട് പുലികളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഇയാള്‍ കഴിയുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറായില്ല.
2007 മുതല്‍ യുക്രൈനിലാണ് താമസിക്കുന്നത്. 20 മാസം പ്രായമുള്ള ആണ് പുള്ളിപ്പുലിക്ക് യാഷ എന്നാണ് പേര്. ആറ് മാസം പ്രായമുള്ള പെണ് കരിമ്പുലിക്ക് സബ്രീന എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങുന്നത്. ഇതുകൂടാതെ ഇയാള്‍ക്ക് മൂന്ന് വളര്ത്തുനായ്ക്കളുമുണ്ട്. തന്റെ യൂട്യൂബ് സബ്സ്ക്രൈബേഴ്സില്‍ നിന്നാണ് ഇവയെ പരിപാലിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത്.