കൊല്‍ക്കത്ത: ജീവനൊടുക്കാനായി പാലത്തിനുമുകളില്‍ കയറിയ ആളെ ബിരിയാണിയും ജോലിയും വാഗ്ദാനംചെയ്ത് തിരിച്ചിറക്കി കൊല്‍ക്കത്ത പോലീസ്.
കൊല്‍ക്കത്തയിലെ പാലത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നാല്പത് കാരനെയാണ് തന്ത്രപൂര്‍വ്വം പോലീസ് താഴെയിറക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മൂത്തമകളുമായി സയന്‍സ് സിറ്റിയിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന ഇയാള്‍ പാലത്തിന് മുകളില്‍വെച്ച് പെട്ടെന്ന് വാഹനം നിര്‍ത്തുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ എവിടെയോ വീണുപോയെന്നും അത് തിരയട്ടെയെന്നും ഇദ്ദേഹം മകളോട് പറഞ്ഞു. തുടര്‍ന്ന് മകളെ റോഡില്‍ നിര്‍ത്തിയശേഷം പാലത്തിന് മുകളിലേക്ക് കയറുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ടവര്‍ പോലീസിനെ വിവരം അറിയിച്ചതിന് അനുസരിച്ച് കൊല്‍ക്കത്ത പോലീസിന്റെ ദുരന്തനിവാരണ സംഘവും പോലീസ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തേക്കെത്തി.
തുടര്‍ന്ന് പിതാവിന്റെ പ്രശ്നങ്ങള്‍ എന്താണെന്ന് മകളോട് ചോദിച്ചു മനസ്സിലാക്കി. പിന്നാലെ ഇയാളുമായി പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
എന്നാല്‍ ആദ്യം ഇയാള്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ ബിരിയാണിയും ജോലിയും വാഗ്ദാനം ചെയ്തതോടെയാണ് ഇയാള്‍ താഴെയിറങ്ങാന്‍ സമ്മതിച്ചത്.
വിവാഹബന്ധം വേര്‍പ്പെടുത്തിയതും ബിസിനസിലുണ്ടായ സാമ്പത്തിക നഷ്ടവുംമൂലം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഇദ്ദേഹമെന്നാണ് പോലീസ് പറയുന്നത്.
താഴെ റെയില്‍വേ ട്രാക്കായിരുന്നതിനാല് പാലത്തില്‍നിന്ന് ഇയാള്‍ ചാടിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. യുവാവിന്റെ ഭീഷണിയും പോലീസിന്റെ അനുനയ ശ്രമങ്ങളും മൂലം അരമണിക്കൂറോളമാണ് സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടത്.