തിരുവനന്തപുരം: വിദ്യാര്‍ത്ഥി കണ്സഷന് അനുവദിക്കുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബസുകളില്‍ വിദ്യാര്‍ത്ഥി കണ്സഷന് അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ല്‍ നിന്ന് 27 ആയി വര്‍ധിപ്പിച്ചു.
ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അര്‍ഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബസ് കണ്സഷന് പ്രായപരിധി ഏര്‍പ്പെടുത്തിയത്. 25 വയസ്സായിരുന്നു പ്രായപരിധിയായി നിജപ്പെടുത്തിയത്.
എന്നാല്‍ ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പ്രായപരിധി വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
അതേസമയം, റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് സുരക്ഷാ നിയമങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഉപകാരം ചെയ്യുമെന്നും പരുപാടിയില്‍ പങ്കെടുത്ത കുഞ്ചാക്കോ ബോബന് പറഞ്ഞു.
വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ച് വരെയെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.