അനന്തരവളും സിപിഐഎം സ്ഥാനാര്‍ത്ഥിയുമായ സൈറ ഷാ ഹലീമിന് വോട്ടഭ്യര്‍ഥിച്ച് നടന് നസീറുദ്ദീന്‍ ഷാ. പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിലാണ് സൈറ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ബാബുല്‍ സുപ്രിയോയാണ് സൈറയുടെ എതിരാളി.
തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഒരു പാര്‍ട്ടിയോടും കടപ്പെട്ടിട്ടില്ലെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. വരാനിരിക്കുന്ന ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പില്‍ സൈറ ഷാ ഹലീമിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കാനാണ് താന്‍ വന്നത്. തന്റെ സഹോദരന്റെ മകളായതിനാല്‍ സ്വാഭാവികമായും അവള് ജനിച്ചപ്പോള്‍ മുതല്‍ തനിക്കവളെ അറിയാം. പ്രതിബദ്ധതയുള്ള, പാവപ്പെട്ടവരെ സഹായിക്കാന്‍ എപ്പോഴും തത്പരയായ, സത്യസന്ധതയുള്ള, കരുതലുള്ള ഒരു വ്യക്തിയാണ് സൈറ. സ്വന്തം ജീവിതം സാമൂഹ്യസേവനത്തിനായി സമര്‍പ്പിച്ചവളാണ്. അവളും ഭര്‍ത്താവും വര്‍ഷങ്ങളായി പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ഒരു ഡയാലിസിസ് ക്ലിനിക്ക് നടത്തുന്നുണ്ടെന്നും ഷാ പറഞ്ഞു.
സൈറയുടെ ഭര്‍ത്താവ് ഫുവാദ് ഹലീം സിപിഐഎം നേതാവും ഡോക്ടറുമാണ്. 2021ല്‍ ബാലിഗഞ്ച് മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 16നാണ് വോട്ടെണ്ണല്‍.