എച്ച്ഐവി ബാധിതര്‍ക്ക് പ്രചോദനമായിരിക്കുകയാണ് വെസ്റ്റ് ബംഗാളിലെ സൗത്ത് കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന കഫെ പോസറ്റീവ് എന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് എച്ച്ഐവി പോസിറ്റീവ് ആയ ഏഴ് കൗമാരക്കാരാണ്. അതിരുകള്‍ക്ക് അതീതമെന്നാണ് അവര്‍ കഫെയെ വിശേഷിപ്പിക്കുന്നത്.
എച്ച്ഐവി ബാധിതര്‍ നിയന്ത്രിക്കുന്ന ഏഷ്യയിലെ ആദ്യ കോഫി ഷോപ്പാണ് കഫെ പോസിറ്റീവ്. എച്ച്ഐവി ബാധിതരാവുന്നവര്ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാണ് കഫെയുടെ സ്ഥാപിത ലക്ഷ്യമെന്ന് സ്ഥാപനത്തിന്റെ ഉടമസ്ഥനും എച്ച്ഐവി ബാധിതരായ കുട്ടികളുടെ മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന ‘അന്തകാര്’ എന്ന എന്‍ജിഒയുടെ സ്ഥാപകനുമായ കല്ലോള്‍ ഘോഷ് പറഞ്ഞു. ഫ്രാങ്ക്ഫോര്‍ട്ട് എന്ന സ്ഥലത്ത് എച്ചഐവി ബാധിതര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ആര്‍ജവം ഉള്‍ക്കൊണ്ടാണ് കല്ലോള്‍ ഘോഷ് സ്ഥാപനം തുടങ്ങുന്നത്.
2018 ല്‍ കൊല്‍ക്കത്തയിലെ ജോത്പൂരിലാണ് കഫെ സ്ഥാപിതമായതെങ്കിലും പിന്നീട് കൊല്‍ക്കത്തയിലേക്ക് മാറുകയായിരുന്നു. സ്ഥാപനത്തിനായി സ്ഥലം ലഭിക്കുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടതായും എച്ച്ഐവി ബാധിതരാണ് സ്ഥാപനം നടത്തുന്നതെന്നറിഞ്ഞപ്പോള് പലരും പിന്മാറുകയായിരുന്നെന്നും ഘോഷ് പറഞ്ഞു. പക്ഷേ ഉദ്യമത്തില്‍ നിന്ന് പിന്മാറാന് തങ്ങള്‍ തയ്യാറായില്ല. എച്ച്ഐവി ബാധിതര്‍ക്ക് ഉപജീവനമാര്‍ഗം തുറന്നുകൊടുത്തതിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയാണ് കഫെ പോസിറ്റീവിലൂടെ ഉദ്ദേശിക്കുന്നതെന്നും കല്ലോള്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.