ദിലീഷ് പോത്തന് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ഈ ചിത്രത്തില്‍ അനുശ്രീ നായര്‍, അപര്‍ണ ബാലമുരളി എന്നിവരാണ് നായികമാര്‍.
മഹേഷ് ഭാവന എന്ന നാട്ടിന്‍പുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്.
ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ അപര്‍ണ ബാലമുരളി പിന്നീട് മറ്റു ഭാഷാ സിനിമകളിലും അഭിനയിച്ചു. ഇന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചു. അതേസമയം മഹേഷിന്റെ പ്രതികാരത്തില്‍ തനിക്ക് ആദ്യം ലഭിച്ചിരുന്നത് മറ്റൊരു കഥാപാത്രമായിരുന്നു എന്ന് അപര്‍ണ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
ലിജിമോള്‍ ജോസ് ചെയ്ത സോണി എന്ന കഥാപാത്രം അവതരിപ്പിക്കാനായിരുന്നു ആദ്യ ക്ഷണിച്ചത്. പിന്നീടാണ് ഫഹദിന്റെ നായികയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് എന്നെയും ലിജോ ചേച്ചിയെയും ഇടുക്കിയിലേക്ക് വിളിപ്പിച്ചു അവിടുത്തെ നാട്ടുകാരുടെ അടുത്ത് പോയി അവരുടെ ശരീരഭാഷയും സ്ലാങ്ങും ഒക്കെ മനസ്സിലാക്കി വരാന്‍ പറഞ്ഞു . ഞങ്ങള്‍ അവിടെയെല്ലാം ചുറ്റിക്കറങ്ങി വന്നു. ലിജോ ചേച്ചി ഇടുക്കിക്കാരി തന്നെ . ഇതൊക്കെ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് കഥ പറഞ്ഞത് . അതിന്റെ ഇടയിലാണ് അവര്‍ പറഞ്ഞത് ഫഹദിന്റെ നായിക വേഷത്തിലേക്ക് എന്നെ സെലക്ട് ചെയ്തതെന്ന്. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി എന്നും അപര്‍ണ ബാലമുരളി പറഞ്ഞു.