ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേഡിന്റെ ആരോപണങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ടാറ്റു കണ്ട് ചിരിച്ചതിന് ഡെപ്പ് മര്‍ദിച്ചു എന്നായിരുന്നുജോണി ഡെപ്പിനെതിരെ ഹേഡിന്റെ ആരോപണം. ഇന്ന് അതിലും ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. നേരിട്ട അതിക്രമങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആംബര്‍ ഹേഡ് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.
ജോണി ഡെപ്പ് നിരവധി തവണ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ഹോഡിന്റെ ആരോപണം. പൊട്ടിയ കുപ്പി ഉപയോഗിച്ച് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നും ഹേഡ് വിശദീകരിച്ചു. 2015ല്‍ ‘പൈറേറ്റ്സ് ഓഫ് ദി കരിബീയന്‍’ അഞ്ചാം ഭാഗം ചിത്രീകരിക്കവേ ഡെപ്പിനെ കാണുവാനായി ഓസ്ട്രേലിയയില്‍ പോയി. വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പി താന്‍ നിലത്തടിച്ച് പൊട്ടിച്ചു. ഇതില്‍ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് തനിക്ക് നേരെ ഏറിഞ്ഞു. എന്നാല്‍ അത് തന്റെ ശരീരത്തില്‍ കൊണ്ടില്ല. ഇതിനിടെ ഡെപ്പ് മറ്റൊരു കുപ്പി പൊട്ടിച്ച് തന്റെ കഴുത്തില്‍ ചേര്‍ത്തുപിടിച്ച് ഭീഷണിപ്പെടുത്തി. മുഖം വികൃതമാക്കുമെന്നായിരുന്നു ഭീഷണി. ഒരിക്കല്‍ തന്റെ നൈറ്റ് ഗൗണ്‍ വലിച്ചുകീറി കുപ്പി ഉപയോഗിച്ച് ലൈംഗികമായി ആക്രമിച്ചുവെന്നും ഹേഡ് ആരോപിച്ചു.
എന്നാല്‍ താന്‍ ഹേഡിനെ മര്‍ദിച്ചിട്ടില്ല എന്നാണ് ഡെപ്പിന്റെ വാദം. ഹേഡ് തന്നെ മദ്യക്കുപ്പി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു എന്നും ഡെപ്പ് പറയുന്നു. ആക്രമണത്തിനിടെ പരുക്കുപറ്റി ചികിത്സിച്ചതിന്റെ തെളിവുകളും ഡെപ്പ് കോടതിയില്‍ ഹാജരാക്കി.