അന്ധവിശ്വാസ കൊലപാതകങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന്.
പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ വിഷം നല്കി കൊന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന വിവരത്തിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അല്‍ഫോന്‍സ് പുത്രന് ഇക്കാര്യം പറഞ്ഞത്. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്നും ഈ കേസുകളില്‍ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും അല്‍ഫോന്‍സ് പുത്രന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍-
”ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.
ഇന്ന് സ്ഥിരീകരിച്ച ഷാരോണ്‍ വധകേസിലും നരബലി കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു.
ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത് ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ്.
ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്.
സാധാരണയായി എന്തെങ്കിലും ഒക്കെ നടന്നുകാണാന്‍ ആളുകള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, ഇവിടെ ഞാന്‍ പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി അങ്ങയോട് പ്രാര്‍ഥിക്കുകയും അപേക്ഷിക്കുകയുമാണ്.”അല്‍ഫോന്‍സ് പുത്രന് പറയുന്നു.
അതേസമയം പാറശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനില്‍ കൊണ്ടുപോയപ്പോഴാണ് ശ്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ഗ്രീഷ്മ ലൈസോള്‍ കുടിച്ചുവെന്നാണ് സൂചന. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അപ്രതീക്ഷിത സംഭവം.