ഫഹദ് ഫാസിൽ നായകനായി തിയറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. മികച്ച പ്രതികരണമാണ് ചിത്രം തീയറ്ററുകളിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കുശേഷം ഫാസിൽ നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. മഹേഷ് നാരായണനാണ് ചിത്രത്തിന് തിരക്കഥയും, ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. സജിമോൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.
ചിത്രം കണ്ടിറങ്ങിയ ഏതൊരു പ്രേക്ഷകന്റെയും മനസ്സിൽ തങ്ങിനിൽക്കുന്ന മുഖമായിരിക്കും ഫഹദ് ഫാസിൽ അവതരിപ്പിച്ച അനിക്കുട്ടന്റെ അമ്മയുടെ കഥാപാത്രം. അനിക്കുട്ടന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാവുന്നത് ആ അമ്മയ്ക്ക് മാത്രമാണ്. അനിക്കുട്ടന്റെ ദേഷ്യവും സങ്കടവും വാശിയും എല്ലാം ആ അമ്മ മനസ്സിലാക്കുന്നു. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അമ്മയായി വന്ന ആ നടി കാഴ്ചവച്ചത്. ആരാണ് ഇവർ എന്ന് ഏതൊരു പ്രേക്ഷകനും സിനിമ കണ്ടിറങ്ങിയശേഷം ചിന്തിച്ചിരിക്കും എന്ന് ഉറപ്പ്. കാരണം അത്തരത്തിലുള്ള അസാധ്യപ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
നിരവധി വർഷങ്ങളായി നാടകരംഗത്ത് അനുഭവ പരിചയമുള്ള ജയ കുറുപ്പാണ് ആ കഥാപാത്രത്തെ മനോഹരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. 60 വയസ്സിനടുത്തുള്ള അമ്മയുടെ ശരീരഭാഷ വളരെ മനോഹരമായി സ്ക്രീനിൽ അവതരിപ്പിച്ച ജയയുടെ വയസ്സ് 40 മാത്രം എന്നറിഞ്ഞാൽ ആരാണ് ഞെട്ടാതിരിക്കുക? 23 വർഷമായി പ്രൊഫഷണൽ നാടകവേദിയിൽ സജീവമായ നടിയാണ് ജയ. ഇടുക്കി കട്ടപ്പനയിലാണ് താരം താമസിക്കുന്നത്.
ജയയുടെ ഭർത്താവും ഒരു തീയേറ്റർ ആർട്ടിസ്റ്റ് ആണ്. മൂന്ന് കുട്ടികളാണ് ദമ്പതികൾക്ക് ഉള്ളത്. നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട് ജയ. ജെല്ലിക്കെട്ട് എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. ഒരു ബാങ്ക് മാനേജറുടെ ചെറിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയ അവതരിപ്പിച്ചത്.