സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ താരമാണ് അസിന്. സൗത്ത് ഇന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരം ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. കുടുംബവുമായി കഴിയുകയാണ് താരം.
എന്നാല്‍ താരം വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ഭര്‍ത്താവ് രാഹുലുമൊത്തുള്ള ചിത്രങ്ങള്‍ അസിന് നീക്കം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് വിവാഹ ഫോട്ടോകളും മാറ്റുകയുണ്ടായി.
ഇതോടെയാണ് താരം വിവാഹമോചനം നേടുന്നുവെന്ന റിപ്പോര്‍ട്ട് എത്തിയത്. ഇപ്പോഴിത വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം.
ഭര്‍ത്താവ് രാഹുലിനൊപ്പം ഇപ്പോള്‍ വേനല്‍ക്കാല അവധി ആസ്വദിക്കുകയാണെന്നും വളരെ സാങ്കല്പികവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകളോട് പ്രതികരിച്ച് ജീവിതത്തിലെ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തുന്നതില്‍ ദുഃഖമുണ്ടെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അസിന് പറയുന്നു.
‘വേനല്‍ക്കാല അവധി ആസ്വദിക്കുകയാണ് ഞങ്ങള്‍. ശരിക്കും പറഞ്ഞാല്‍ ഒരു മേശക്കിരുവശവുമിരുന്ന് പ്രഭാത ഭക്ഷണം ആസ്വദിക്കുന്നതിനിടെയാണ് വളരെ സാങ്കല്പികവും തീര്‍ത്തും അടിസ്ഥാനരഹിതവുമായ ചില ‘വാര്‍ത്തകള്‍’ കാണാനിടയായത്.
ഈ സംഭവം എന്നെ ഓര്‍മിപ്പിക്കുന്നത് മറ്റൊരു വാര്‍ത്തയെക്കുറിച്ചാണ്. ഞങ്ങളുടെ വിവാഹം അടുത്തിരിക്കുന്ന നാളുകളില്‍ ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിവാഹ ഒരുക്കങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ വന്നൊരു വാര്‍ത്ത.
ഞങ്ങള്‍ ബ്രേക്ക്അപ്പ് ആയി എന്നായിരുന്നു അതിലുണ്ടായിരുന്നത്. ദയവായി കൂടുതല്‍ പക്വതയോടെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഇത്തരം വ്യാജവാര്‍ത്തകളോട് പ്രതികരിക്കാന്‍ ഞങ്ങളുടെ ഏറ്റവും മനോഹരമായ അവധിക്കാലത്തിന്റെ 5 മിനിറ്റ് പാഴാക്കിയതില്‍ നിരാശയുണ്ട്. നിങ്ങള്‍ക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു.” അസിന് കുറിച്ചു.
അതേസമയം ‘ഗജിനി’ എന്ന സൂര്യ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ താരറാണിയായി മാറിയ നടിയാണ് അസിന്. ഇന്ത്യന്‍ സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു 2016 ല്‍ മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ അസിനെ വിവാഹം കഴിക്കുന്നത്.
ഈ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉള്ളത്.