നൃത്തവും അഭിനയവും ഒന്നിച്ച് കൊണ്ടുപോവുക എന്നത് അത്ര എളുപ്പമല്ല, എന്നാല്‍ മലയാളത്തില്‍ തന്നെ നിരവധി താരങ്ങളാണ് രണ്ടിലും കഴിവ് തെളിയിച്ച് തുടക്കം മുതല്‍ ഇന്നുവരെ ഒരേ പാതയിലൂടെ രണ്ടും കൊണ്ടുപോവുന്നത്. അത് അവരുടെ കഴിവ് തന്നെയാണ്, ഇതില്‍ ഒരാളാണ് ശോഭന. നൃത്തത്തില്‍ കഴിവ് തെളിയിച്ച ശോഭനയുടെ ചുവടുകള്‍ അതിമനോഹരം തന്നെ, അഭിനയത്തിലും താരം ഒട്ടും പിന്നിലല്ല. ഇതുവരെ നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി നിരവധി അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട് .
അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ശോഭന ഇപ്പോള്‍ സിനിമയില്‍ അത്ര സജീവം അല്ല. ഒരു നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം നടി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ തിരിച്ചുവന്നിരുന്നു. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും തന്റെ ജീവന്റെ പാതിയായ നൃത്തം അന്നും ഇന്നും തുടരുന്നുണ്ട് നടി. ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന നടിയാണ് ശോഭന, ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിന്റെ ഒരു ഭാഗത്തെക്കുറിച്ചാണ് താരം പറയുന്നത്.
അഭിനയജീവിതത്തില്‍ സജീവമായിരിക്കുന്ന സമയത്ത് നടിമാര്‍ തമ്മില്‍ കടുത്ത മത്സരം ഉണ്ടായിരുന്നെന്ന് പറയുകയാണ് ശോഭന ഇപ്പോള്‍. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്.
രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് ഞങ്ങള്‍ക്കിടെ ചെറിയ മത്സരവും ഉണ്ടായിരുന്നു. സിനിമയില്‍ നിന്നും പുറത്തുവന്ന ശേഷമാണ് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറിയത്.
ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ് ശോഭന പറയുന്നു.
ഞങ്ങള്ക്കിടെയുള്ള സൗഹൃദം ഒരുപാട് വര്‍ഷം മുന്നെ തുടങ്ങിയതാണ്. എപ്പോഴും വിളിക്കാറും, കാണാറും ഒന്നുമില്ല, എന്നെ പോലെ അവരും ഒരുപാട് തിരക്കുള്ളവരാണ് ശോഭന പറയുന്നു.