ബംഗാളിലെ ബര്ധ്വാന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ തീപിടിത്തം. ഒരു കൊവിഡ് രോഗി വെന്തുമരിച്ചു. കിഴക്കന്‍ ബര്ധ്വാന് സ്വദേശിയായ സന്ധ്യ റോയ് (60) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് കൊവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വാര്‍ഡാക്കി മാറ്റിയിരുന്നു. തീപടര്‍ന്നതോടെ രോഗികളുടെ ബന്ധുക്കളാണ് ആദ്യം തീ അണയ്ക്കാന്‍ ശ്രമിച്ചത്. തുടര്‍ന്നാണ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണക്കല്‍ തുടങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയും നടത്തുമെന്ന് ബര്ധ്വാന് മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ പ്രബീര്‍ സെന്‍ഗുപ്ത പറഞ്ഞു.