വീല്‍ച്ചെയര്‍ സൗകര്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80കാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് പിഴ.
30 ലക്ഷം രൂപയാണ് എയര്‍ ഇന്ത്യക്ക് പിഴ. ഡിജിസിഎ ആണ് എയര്‍ ഇന്ത്യക്ക് വലിയ തുക പിഴയിട്ടത്. സംഭവത്തില്‍ എയര്‍ ഇന്ത്യയോട് നേരത്തെ ഡിജിസിഎ വിശദീകരണം തേടിയിരുന്നു.
എയര്‍ ഇന്ത്യയുടെ വിശദീകരണം കേട്ടതിന് ശേഷമാണ് ഡിജിസിഎ പിഴ വിധിച്ചത്. എയര്‍ ഇന്ത്യക്ക് ഇവിടെ പിഴവ് സംഭവിച്ചതായി ഡിജിസിഎ കണ്ടെത്തി.
ഫെബ്രുവരി 16ന് മുംബൈ വിമാനത്താവളത്തിലാണ് വില്‍ച്ചെയര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് എണ്പതുകാരന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്നത്.
ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് മരിച്ചത്. മുംബൈയിലേക്ക് എത്തിയ എയര്‍ ഇന്ത്യ എഐ 116 വിമാനത്തില്‍ ഇക്കണോമി ക്ലാസാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്.
വീല്‍ച്ചെയര്‍ സൗകര്യവും ഇവര്‍ ബുക്ക് ചെയ്തിരുന്നു. വീല്‍ച്ചെയറിന്റെ അഭാവത്തെ തുടര്‍ന്ന് ഭാര്യക്ക് മാത്രമാണ് വീല്‍ച്ചെയര്‍ ലഭിച്ചത്. ഭര്‍ത്താവ് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്നു.
1.5 കിലോമീറ്റര്‍ നടന്ന് ഇമിഗ്രേഷന്‍ ഏരിയയിലേക്ക് എത്തിയപ്പോഴേക്കും ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. ആദ്യം ഇദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിലെ മെഡിക്കല്‍ വിഭാഗത്തിലേക്കും പിന്നാലെ നനാവതി ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.