ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ഇടുക്കിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ ക്രിമിനലുകള്‍ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ധീരജിനെ കൃത്യതയോടെയും സൂക്ഷമതയോടെയും ആണ് കൊലപ്പെടുത്തിയത്. ചില തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാര്‍ട്ടി ഇക്കാലത്തും സ്വീകരിച്ചവെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ സ്മാരകത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ധീരജിന്റെ കുടുംബത്തിന് സഹായ നിധി കൈമാറിയതിനൊപ്പം ധീരജിന്റെ ഒപ്പമുണ്ടായിരുന്ന പരുക്കേറ്റ അമലിനും അഭിജിത്തിനും അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി ആയിരുന്നു ധീരജ്. യാതൊരു ദുശീലവും ഇല്ലാത്ത ആള്. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പശ്ചാത്താപം ഉണ്ടാവും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിന്റെ തലപ്പത്ത് നിന്നാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതൃത്വം രക്തസാക്ഷിത്വത്തെ അപമാനിച്ചു. കെപിസിസി അധ്യക്ഷന്‍ നിരവധി തവണ ആക്ഷേപിച്ചു. ക്യാമ്പസുകളില്‍ ആയുധം എടുത്തുള്ള ആക്രമണത്തിന് തുടക്കം കുറിച്ചത് കെഎസ്യു ആണ്. അരും കൊല നടത്തിയവരെ സംരക്ഷിക്കാന്‍ അഖിലേന്ത്യാ നേതാവ് വരെ തയ്യാറാവുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.