കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മിഠായിത്തെരുവില്‍ സന്ദര്‍ശനത്തിന് എത്തുന്ന സമയത്ത് കുഴഞ്ഞുവീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന് അടിയോടി (70) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
അതേസമയം ഇദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി ഗവര്‍ണറാണ് എന്ന് സിപിഎം ആരോപിച്ചു.ഗവര്‍ണര്‍ വരുന്ന സമയം ആശോകന് മിഠായിത്തെരുവില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.
മുന്‍കൂട്ടി അറിയിപ്പ് ഇല്ലാതെയായിരുന്നു ഗവര്‍ണര്‍ മിഠായിത്തെരുവില്‍ എത്തിയത്. ഇത് മൂലം വലിയ തിരക്കും ഗതാഗത കുരുക്കും ഉണ്ടായിരുന്നു. അതിനാല്‍ കൃത്യസമയത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
അതിനാല്‍ മരണത്തിന് ഉത്തരവാദി ഗവര്‍ണറാണെന്നും സിപിഎം ആരോപിച്ചു.എല്‍.ഐ.സി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന അശോകന് ഉച്ചയ്ക്ക് 12.36നാണ് കുഴഞ്ഞുവീണത്.
ഗവര്‍ണര്‍ വന്നതിനെ തുടര്‍ന്ന് ഉണ്ടായ ഗതാഗത തടസ്സത്തെതുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അല്പനേരം വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച ഉച്ചയോടെ മിഠായിത്തെരുവില്‍ എത്തിയത്. കടകളില്‍ സന്ദര്‍ശനം നടത്തിയും ഹല്‍വ കഴിച്ചും ജനങ്ങളോട് സംവദിച്ചതിനും ശേഷമായിരുന്നു ഗവര്‍ണറുടെ മടക്കം.