ഹിമാചല്‍ പ്രദേശില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കുളുവിലെ ബഞ്ചാര്‍ താഴ്വരയിലാണ് സംഭവം. അപകടത്തില്‍ ഏഴ് പേര് മരിക്കുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്.
പരുക്കേറ്റ അഞ്ച് പേര് സോണല്‍ ആശുപത്രിയിലും ബാക്കി അഞ്ച് പേര് ബഞ്ചാറിലുള്ള ആശുപത്രിയിലും ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45 ഓടെ ഫേസ്ബുക്ക് ലൈവില്‍ വിഡിയോ സ്ട്രീം ചെയ്തുകൊണ്ട് ബഞ്ചാറിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദര്‍ ഷൂരിയാണ് അപകട വിവരം അറിയിച്ചത്. പരുക്കേറ്റവരെ ആദ്യം ബഞ്ചാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചവര്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും ബഞ്ചാര്‍ എം.എല്‍.എ പറഞ്ഞു. രാത്രിയായിട്ടും ഇരുട്ടിനെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ഭരണകൂടത്തിനും നാട്ടുകാര്‍ക്കും ഷൂരി നന്ദി പറഞ്ഞു.