കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ചെരുപ്പിടൂ എന്ന് യുവാവിന്റെ ശപഥം. ഹരിയാന സ്വദേശിയായ പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ശപഥവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ചെരുപ്പിടാതെയാണ് പണ്ഡിറ്റ് ദിനേശ് ശര്‍മ പങ്കെടുക്കുന്നത്. സംഭവം ദേശീയ മാധ്യമങ്ങള്‍ അടക്കം ഏറ്റെടുത്തിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ദിവസം മുതല്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണ് ദിനേശ് ശര്‍മ. രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് ഇദ്ദേഹം യാത്രയിലുടനീളം നടക്കുന്നത്. കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്രയില്‍ രാഹുലിന്റെ ചിത്രമുള്ള ത്രിവര്‍ണ നിറമുള്ള വസ്ത്രമാണ് ഇയാള്‍ ധരിക്കുന്നത്. യാത്രയുടെ ഭാഗമായി എത്തുന്ന ജനങ്ങളില്‍ അവേശമുണര്‍ത്തുന്ന മുദ്രാവാക്യം വിളികളുമായി നടക്കുന്ന ദിനേശ് ശര്‍മ എല്ലാവര്ക്കും കൗതുകമാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി നടക്കുന്നതിനാല്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമ ദിവസമാണ്. സംസ്ഥാന നേതാക്കള്‍ കെപിസിസി യോഗത്തിന് പോകുന്നതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാകും കൊല്ലത്തുണ്ടാകുക. സെപ്റ്റംബര്‍ ആറിനായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസത്തെ പദയാത്രയാണ് കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കുന്നത്.