ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല് കുത്തേറ്റ് താഴേക്ക് ചാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കായംകുളം ബിഎസ്എന്‍എല്‍ ഓഫിസിലായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിനിയായ 23കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ശൗചാലയം അന്വേഷിച്ചാണ് യുവതി എത്തിയത്. തുടര്‍ന്ന് മുകളിലേക്ക് പോകുകയും ടവറില്‍ കയറുകയും ചെയ്തു. കൈയില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചത് പ്രകാരം പൊലീസും അഗ്നിരക്ഷാ സേനയും എത്തി ടവറിന് ചുറ്റും വലവിരിച്ചു. ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകുകയും കടന്നലുകള്‍ യുവതിയെ പൊതിയുകയും ചെയ്തു. മറ്റുവഴികളില്ലാതെ യുവതി വലയിലേക്ക് ചാടുകയായിരുന്നു.
യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന തന്റെ കുഞ്ഞിനെ തിരികെകിട്ടാത്തതിനാല് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. തമിഴ്നാട് വില്ലുപുരം മേട്ടു സ്വദേശിനിയായ യുവതി ഇപ്പോള്‍ ചാരുംമൂട്ടില്‍ കൂട്ടുകാരിയോടൊപ്പമാണ് താമസം. ഏപ്രില്‍ 13ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍വച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്നും മൂന്നരവയസുള്ള കുട്ടിയെ കൊണ്ടുപോയി എന്നും യുവതി പറയുന്നു.