നാല് വയസിലുണ്ടായ ഒരു സംഭവം ജീവിതം മാറ്റിമറിച്ച അനുഭവം പറയുകയാണ് 22കാരിയായ യുവതി. അച്ഛന് പറ്റിയ ചെറിയൊരു കയ്യബദ്ധമാണ് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അടയാളം യുവതിക്ക് നല്‍കിയത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് യുവതി ആ അനുഭവം പങ്കുവച്ചത്.
ഒരു പുതുവത്സരത്തിലായിരുന്നു സംഭവം നടന്നത്. ഒരു തണുപ്പുള്ള രാത്രിയില്‍ അമ്മയും താനും സഹോദരിമാരും തീ കായുകയായിരുന്നു. അച്ഛന് ജോലി കഴിഞ്ഞു മടങ്ങി വന്നു. ഈ സമയം താന്‍ തീയ്ക്ക് സമീപം തന്നെയിരിക്കുകയായിരുന്നു. പെട്ടെന്ന് മുഖത്തേക്ക് തീ ആളിപ്പടര്‍ന്നു. തന്റെ മുഖം പൊള്ളുകയാണെന്ന് മാത്രം മനസിലായി. ആ സമയം കണ്ണുകളും ചുണ്ടും ഇല്ലെന്നാണ് തനിക്ക് തോന്നിയതെന്നും യുവതി പറയുന്നു. ആ സമയത്ത് നടന്ന കാര്യങ്ങള്‍ യുവതിക്ക് കൃത്യമായി ഓര്‍മയില്ല. അച്ഛന് പറ്റിയ തെറ്റാണ് അവസ്ഥയ്ക്ക് കാരണമെന്ന് അമ്മ പിന്നീട് പറഞ്ഞു. അച്ഛന് കൊണ്ടുവന്ന പെട്രോള്‍ കുപ്പി മറിഞ്ഞ് ദേഹത്തേക്ക് വീഴുകയും ഞൊടിയിടയില്‍ തീപടര്‍ന്നു പിടിക്കുകയുമായിരുന്നു. മുഖവും കൈകളും പൂര്‍ണമായും പൊള്ളി. രക്ഷപ്പെടുമോ എന്ന് സംശയം തോന്നിയിരുന്നുവെന്നും യുവതി പറയുന്നു.
ആശുപത്രിയില്‍ എത്തിച്ച തനിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. അഞ്ചു വര്‍ഷം എട്ട് ശസ്ത്രക്രിയകളാണ് നടത്തിയത്. എപ്പോഴും അമ്മ തനിക്ക് അരികില്‍ ഇരിക്കുമായിരുന്നു. സ്കൂളിലോ കളിസ്ഥലങ്ങളിലോ പോയില്ല. കുട്ടിക്കാലത്തെ അഞ്ച് വര്‍ഷവും ആശുപത്രിയിലായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ആശുപത്രി വിട്ട ശേഷം സ്കൂളിലെത്തി. എന്നാല്‍ ആര്‍ക്കും തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ആ സ്കൂള്‍ വിട്ടു. മറ്റൊരു സ്കൂളിലേക്ക് തന്നെ മാറ്റി. അതിന് ശേഷമുള്ള ജീവിതം ഏറെ ആനന്ദകരമായിരുന്നു. അവിടെയുണ്ടായിരുന്ന കുട്ടികളും അധ്യാപകരും പൂര്‍ണപിന്തുണ നല്കി. അത് മനസിനെ പരുവപ്പെടുത്തിയെന്നും യുവതി പറയുന്നു.
പഠന ശേഷം ധാരാളം ആര്‍ട്ടിസ്റ്റിക് വര്കുകള് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ മേക്കപ്പ് റീലുകളും ചെയ്തു. റീലുകള്‍ ചെയ്യുമ്പോള്‍ ആദ്യം ഭയമായികുന്നു. തന്റെ മുഖം കാണികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഭയപ്പെട്ടു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായി മികച്ച പ്രതികരണം ലഭിച്ചു. ഇപ്പോള്‍ തനിക്ക് 22 വയസായി. മാതാപിതാക്കള്‍ ഒരിക്കലും തന്റെ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടില്ല. തന്റെ അമ്മാവന്മാര് തനിക്ക് സഹായം നല്കി. അവര്‍ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് ജീവിതം വിജയിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.