മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച പശ്ചാത്തലത്തില്‍ വയനാട്ടില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിത പിന്നാലെ ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ജില്ലയില്‍ 17 ദിവസത്തിനിടെ 3 പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന് പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങിയത്.
രാവിലെ 9.30ന് ചെറിയമല ജംഗ്ഷനില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു.
ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
പിന്നാലെ പോളിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.