ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വലിയ രീതിയിൽ വ്യാജ വാർത്തകൾ വരുന്നുണ്ട്.ഇപ്പോഴിതാ ഇത്തരത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ പേരിലാണ് വ്യാജപ്രചാരണം കൊഴുക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്ന് സുധീരൻ പറഞ്ഞെന്നാണ് പ്രചരണം.വ്യാജ വാർത്ത വന്നത് ഇങ്ങനെ ആണ്,’ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, സിഎഎ എന്ന വാക്ക് പോലും പ്രകടനപത്രികയിൽ ഇല്ല, കേരളത്തിലെ കോൺഗ്രസ് ഇത്തവണ ചരിത്രത്തിൽ ഇല്ലാത്ത തിരിച്ചടി നേരിടും , രാഹുൽ ഗാന്ധി വയനാട്ടിൽ പരാജയപ്പെട്ടും, കോൺഗ്രസ് പ്രകടന പത്രിക വെറും പ്രഹസനം മാത്രം’, എന്നിങ്ങനെ സുധീരൻ പറഞ്ഞെന്നുള്ള പോസ്റ്റുകളാണ് ‘പ്രിയ സഖാക്കൾ’ എന്ന പേജിലൂടെ പ്രചരിക്കുന്നത്. ഇതോടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സുധീരനെ വിമർശിച്ച് രംഗത്തെത്തിയത്. നന്ദിയില്ലാത്തവൻ എന്നാണ് നടൻ ധർമ്മജൻ ബോൾഗാട്ടി കുറിച്ച്. മറ്റ് പലരും പോസ്റ്റിന് താഴെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.
സത്യാവസ്ഥ ഇതാണ്,സുധീരൻ അത്തരമൊരു പരാമർശനം നടത്തിയിട്ടില്ലെന്ന് മാത്രമല്ല തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സുധീരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളുടെ ഇത്തരത്തിലുള്ള കള്ള പ്രചരണങ്ങളെയും ഹീനമായ നടപടികളെയും അതി ശക്തമായി അപലപിക്കുന്നുവെന്നും നെറികെട്ട ഇത്തരം രാഷ്ട്രീയ ശൈലികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ജാഗരൂകാരായിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.