മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് തുനിവ്. അജിത് നായകനാകുന്ന ചിത്രം പൊങ്കലിന് തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മഞ്ജു ഗാനവും ആലപിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ തന്നെയായിരുന്നു സിനിമയില്‍ താന്‍ പാട്ട് പാടിയിട്ടുണ്ടെന്ന് ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ ദിവസം, മഞ്ജു ആലപിച്ചു എന്ന് പറഞ്ഞ ഗാനം റിലീസ് ചെയ്തിരുന്നു. കാസേ താന്‍ കടവുളടാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയായിരുന്നു പുറത്തുവന്നത്.
മഞ്ജു ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരുന്നു. ഗാനം ആലപിച്ചവരുടെ പേരില്‍ ഗാനരചയിതാവ് വൈശാഖ്, സംഗീത സംവിധായകന് ജിബ്രാന് എന്നിവര്‍ക്കൊപ്പം മഞ്ജുവിന്റെ പേരുമുണ്ടായിരുന്നു.
മഞ്ജുവാര്യര്‍ ഗാനം ആലപിക്കുന്നതായുള്ള റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള രംഗവും പുറത്തുവന്ന ലിറിക്കല്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭാഗത്ത് മഞ്ജുവിന്റെ ശബ്ദത്തിന് പകരം മറ്റ് രണ്ടുപേരുടെ ശബ്ദമാണ് കേള്‍ക്കുന്നത്.
ഇതോടെ താരത്തിന് എതിരെ ട്രോള്‍ എത്തിയിരുന്നു. പാട്ടിലെ സ്വന്തം ശബ്ദം എവിടെ പോയി എന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. നിരവധി പേരായിരുന്നു താരത്തിനെ ട്രോളി എത്തിയത്.
സോഷ്യല്‍ മീഡിയയിലുള്ള പരിഹാസം കൂടിയപ്പോള്‍ വിശദീകരണവുമായി മഞ്ജുവാര്യര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തുണിവിലെ കാസേ താന്‍ കടവുളടാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഗാനത്തില്‍ എന്റെ ശബ്ദം എവിടെയെന്ന് ആശങ്കപ്പെട്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.
ഒരുതരത്തിലുള്ള ആകുലതകളും വേണ്ട. അത് വീഡിയോ പതിപ്പിനായി റെക്കോര്‍ഡ് ചെയ്തതായിരുന്നു. എല്ലാ ട്രോളുകളും ആസ്വദിച്ചു. സ്നേഹം എന്ന് -മഞ്ജു കുറിച്ചു. ട്വീറ്ററിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
മഞ്ജുവാര്യര്‍ നായികയാവുന്ന രണ്ടാമത്തെ തമിഴ്ചിത്രമാണ് തുണിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിര്‍മാതാവ് ബോണി കപൂര്‍, സംവിധായകന് എച്ച്.വിനോദ്, അജിത്ത് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് തുണിവ്.