മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിനീത്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു നർത്തകൻ കൂടിയാണ് ഇദ്ദേഹം. ബാലതാരമായിട്ടാണ് ഇദ്ദേഹം സിനിമയിൽ കരിയർ ആരംഭിച്ചത്. ഒരു കാലത്ത് മലയാളത്തിലെ മുൻനിര യുവ നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഐവി ശശി സംവിധാനം ചെയ്ത ഇടനിലങ്ങൾ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം സിനിമാരംഗത്തെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമ കൂടിയായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ട്.
മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹിന്ദിയിലും താരം സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകൻ ഫാസിലിൻറെ വലിയ ആരാധകനാണ് താനെന്ന് പറയുകയാണ് താരമിപ്പോൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഈ കാര്യങ്ങളെല്ലാം തന്നെ തുറന്നു പറഞ്ഞത്. അതോടൊപ്പം ഫഹദ് ഫാസിലിനെ കുറിച്ചുള്ള അഭിപ്രായവും താരം തുറന്നു പറയുന്നു.
“ഫഹദിനെ എനിക്ക് ചെറുപ്പം മുതൽ തന്നെ അറിയാം. കണ്ണുകൾ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂർവ്വ സിദ്ധി ഫഹദിന് ഉണ്ട്. കേവലം കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന വ്യക്തികൂടിയാണ് ഫഹദ്. അവൻറെ കണ്ണുകൾ കണ്ടാൽ നമ്മൾ തന്നെ അറിയാതെ മയങ്ങി പോകും. മാസ്മരികമായ കണ്ണുകളാണ് ഫഹദിന് ഉള്ളത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ആ കണ്ണുകൾ വലിയ ഒരു അനുഗ്രഹം തന്നെയാണ്” – വിനീത് പറയുന്നു.
അതുപോലെതന്നെ ഫഹദ് വസ്ത്രധാരണരീതിയിൽ വലിയ മാറ്റം വരുത്താറില്ല. കേവലം കണ്ണുകൾ കൊണ്ടും ബോഡി ലാംഗ്വേജും കൊണ്ടുമാണ് ഫഹദ് അഭിനയിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളൻ കഥാപാത്രം, ടേക്ക് ഓഫ് എന്ന സിനിമയിലെ ഓഫീസർ കഥാപാത്രം, ജോജി എന്ന സിനിമയിലെ കഥാപാത്രം ഇവയെല്ലാം ചെയ്തത് ഒരു വ്യക്തിയാണ്. ഇതുപോലെ കഥാപാത്രം ആയി മാറുവാൻ ഫഹദിന് ഒരു അപാര കഴിവാണ്. അത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഞാൻ ഷാനുവിൻ്റെ വലിയ ആരാധകൻ കൂടിയാണ്.