നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന സംഭവത്തില്‍ ദിലീപിനെയും മറ്റു കൂട്ടുപ്രതികളേയും ചോദ്യംചെയ്യല്‍ 22 മണിക്കൂര്‍ പൂര്‍ത്തിയായി. സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മാണ കമ്പനിയിലെ മാനേജര്‍, വീട്ടു ജോലി ചെയ്തിരുന്ന ജീവനക്കാര്‍ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. തിങ്കളാഴ്ചയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ദിലീപ് ഉള്‍പ്പടെ അഞ്ചുപേരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ശബ്ദരേഖയിലെ മൊഴികള്‍ പ്രതികളുടേത് തന്നെയാണോ എന്ന് പരിശോധിക്കുന്നതിനായാണ് ദിലീപും മറ്റ് പ്രതികളുമായി അടുത്ത ബന്ധമുള്ളവരെ വിളിച്ചുവരുത്തി കേള്‍പ്പിച്ച് മനസ്സിലാക്കുന്നത്. അത് പ്രകാരമാണ് റാഫിയേയും അരുണ്‍ ഗോപിയേയും തിങ്കളാഴ്ച വിളിച്ചുവരുത്തിയത്.
ഇവര്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇനി മറ്റു പ്രതികളുമായി ബന്ധമുള്ളവരെയും വിളിച്ചുവരുത്തി ഇത്തരത്തില്‍ ശബ്ദം കേള്‍പ്പിച്ച് വിലയിരുത്തി. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലയച്ച് പരിശോധിക്കുന്നതിന് സമയമെടുക്കും എന്നതിനാലാണ് ക്രൈംബ്രാഞ്ച് ഈ രീതി അവലംബിച്ചിരിക്കുന്നത് .