മലയാള സിനിമയുടെ ഏറ്റവും മോശം വർഷങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞുപോയത്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമായിരുന്നു തീയേറ്ററിൽ ആളുകളെ നിറച്ചത്. ബാക്കിയെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോമുകളെ മുന്നിൽ കണ്ട് തട്ടിക്കൂട്ടിയ ഉണ്ടംപൊരി സിനിമകൾ ആയിരുന്നു. അതുകൊണ്ടുതന്നെ തീയേറ്ററിൽ മാത്രമല്ല ടിവിയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഒന്നും തന്നെ ഈ സിനിമകൾക്ക് ആളുണ്ടായിരുന്നില്ല. അങ്ങനെ കോടികളുടെ നഷ്ടമാണ് നിരവധി നിർമ്മാതാക്കൾക്ക് കഴിഞ്ഞവർഷം മാത്രം സംഭവിച്ചത്.
എന്നാൽ ഈ വർഷം അങ്ങനെയല്ല. ഇതിനോടകം അഞ്ചോ ആറോ സൂപ്പർഹിറ്റുകൾ മലയാളത്തിൽ പിറന്നു കഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ 200 കോടി സിനിമയായ മഞ്ഞുമ്മൽ ബോയ്സും സംഭവിച്ചു. ഇതുകൂടാതെ പ്രേമലൂ എന്ന സിനിമയും 100 കോടി കടന്നു. മമ്മൂട്ടിയുടെ ബ്രഹ്മ യുഗം എന്ന സിനിമയും വലിയ രീതിയിൽ ആളുകളെ തിയറ്ററിൽ നിറച്ചു. മോഹൻലാലിന്റെ മലക്കോട്ടൈ വാലിബൻ തിയേറ്ററിൽ പരാജയമായിരുന്നു എങ്കിലും നിരൂപകർക്കിടയിൽ വലിയ ശ്രദ്ധ നേടി.
അതേ സമയം ഇപ്പോൾ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ആഗോളതലത്തിൽ അല്ല കേരളത്തിൽ നിന്ന് മാത്രം 50 കോടി നേടിയ സിനിമകളുടെ ലിസ്റ്റ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇതിൽ അന്യഭാഷാ സിനിമകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വേഗം അമ്പത് കോടി നേടിയ ചിത്രം ഒരു മലയാളം സിനിമയല്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഒന്നാം സ്ഥാനത്ത് വിജയ് നായകനായ ലിയോ ആണ് ഉള്ളത്. കേവലം 10 ദിവസം കൊണ്ടാണ് ഈ സിനിമ 50 കോടി നേടിയത്.
രണ്ടാം സ്ഥാനത്ത് ഉള്ളത് കെജിഎഫ് 2 എന്ന സിനിമയാണ്. 11 ദിവസം കൊണ്ടാണ് ഈ ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. കേരളത്തിൻറെ പ്രളയ അതിജീവന കഥ പറഞ്ഞ 2018 ആണ് മൂന്നാം സ്ഥാനത്തുള്ളത്. കേവലം 13 ദിവസങ്ങൾ കൊണ്ടാണ് ഈ ചിത്രം 50 കോടി നേടിയത്. എന്നാൽ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ വെറും പതിനൊന്ന് ദിവസത്തിൽ എത്തുവാൻ 2018 എന്ന സിനിമയ്ക്ക് സാധിച്ചു.
ബാഹുബലി 2 15 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ജയിലർ 16 ദിവസങ്ങൾ എടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്. ലൂസിഫറിന് ഇത് നേടുവാൻ 17 ദിവസങ്ങളും പുലിമുരുകന് 21 ദിവസവും ആർട്ടിഎക്സിന് 24 ദിവസവും പ്രേമലു എന്ന സിനിമയ്ക്ക് 30 ദിവസവും ആണ് യഥാക്രമം വേണ്ടിവന്നത്. ഈ സിനിമകളാണ് യഥാക്രമം നാല് മുതൽ 9 വരെയുള്ള ലിസ്റ്റിൽ ഉള്ളത്. ഇതുകൂടാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയും 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.