മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഇദ്ദേഹം മലയാളം സിനിമയ്ക്ക് പുറമെ നിരവധി അന്യഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അത്തരത്തിൽ ഇദ്ദേഹം അഭിനയിച്ച ഒരു തെലുങ്ക് സിനിമയായിരുന്നു പുഷ്പ. അല്ലു അർജുനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിൽ വില്ലൻ വേഷമാണ് ഫഹദ് കൈകാര്യം ചെയ്തത്. ബൻവർ സിംഗ് ശേഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഈ കഥാപാത്രം തൻറെ കരിയറിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.
ഫിലിം കമ്പനി എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യം പറഞ്ഞത്. സിനിമയുടെ ഒന്നാം ഭാഗത്തിൽ ആണ് ഇദ്ദേഹം വില്ലനായി എത്തിയത്. സിനിമയുടെ അവസാന 20 മിനിറ്റ് മാത്രമാണ് ഫഹദ് വന്നുപോയത്. എന്നാൽ രണ്ടാം ഭാഗത്തിൽ ഫഹദ് ആയിരിക്കും പ്രധാനപ്പെട്ട വില്ലൻ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ഈ സിനിമയെ കുറിച്ചുള്ള ഫഹദിന്റെ പരാമർശം ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
“പുഷ്പാ സിനിമയുടെ രണ്ടാം ഭാഗം റിലീസിന് വലിയൊരു മാജിക് ആണ് പ്രേക്ഷകർ എൻറെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഞാൻ ഈ സിനിമ ചെയ്യുവാൻ കാരണം സുകുമാർ സാറിനോട് ഉള്ള എൻറെ സ്നേഹം കൊണ്ട് മാത്രമാണ്. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ഞാൻ ഈ സിനിമ ചെയ്തത്. എനിക്ക് ചെയ്യാനുള്ളതെല്ലാം ഞാൻ ഇവിടെ ചെയ്യുന്നുണ്ട്. എനിക്ക് ആരോടും ബഹുമാന കുറവില്ല, എൻറെ ജീവിതം മലയാളം സിനിമയാണ്” – ഫഹദ് ഫാസിൽ പറയുന്നു.
അതേസമയം ഫഹദ് ഫാസിൽ തെലുങ്ക് സിനിമകളെ വിലകുറച്ചു കാണുകയാണ് ഈ പരാമർശത്തിലൂടെ എന്നാണ് ഈ വീഡിയോയുടെ താഴെയുള്ള ഒന്ന് രണ്ട് കമന്റുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അങ്ങനെയൊന്നുമില്ല എന്നും മാതൃഭാഷയോടുള്ള സ്നേഹം മാത്രമാണ് ഫഹദ് ഫാസിൽ ഈ കമന്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നും സമാനമായ കമൻറ് തന്നെയായിരിക്കും അല്ലു അർജുനോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹം തെലുങ്ക് സിനിമയെ കുറിച്ച് പറയുന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.