മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ നടിയും നര്‍ത്തകിയും അവതാരികയുമായ സ്വാസിക വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്.
നടി തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ”ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തിരുമാനിച്ചിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് നടി വിവാഹച്ചിത്രങ്ങള്‍ പങ്കുവചച്ചത്.
തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും. വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെ നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
View this post on Instagram
അതേസമയം ഇരുവരുടെയും പ്രണയവിവാഹമാണ്. മനംപോലെ മംഗല്യം’ എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ പരിചയം പ്രണയമായി മാറുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാര്‍ഥ പേര്.
2009ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു.
തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്.
പല ചാനലുകളിലായി വിവിധ ടെലിവിഷന്‍ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. ഷൈന്‍ ടോം ചാക്കോ നായകനായ ‘വിവേകാനന്ദന് വൈറലാണ്’ എന്ന സിനിമയാണ് സ്വാസികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.