രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നോട്ടിസ്. പത്രത്തിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ബിജെപി ആക്രമിക്കുക്കയാണ്. രാഷ്ട്രീയ എതിരാളികളെ ഇ.ഡി അടക്കമുള്ള ഏജന്‍സികളെ കൊണ്ട് ദ്രോഹിക്കുകയാണെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് കേസ് നല്‍കിയിരുന്നത്. കോടികളുടെ ആസ്തിയുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് ഇരുവരും തട്ടിയെടുത്തു എന്നാണ് സ്വാമി ആരോപിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമി പറയുന്നു.
1937 നവംബര്‍ 20 ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. നാഷണല്‍ ഹെറാള്‍ഡ് (ഇംഗ്ലീഷ്), ഖൗമി ആവാസ് (ഉറുദു), നവജീവന്‍ ഹിന്ദി (ഹിന്ദി) എന്നിങ്ങനെ മൂന്നു പത്രങ്ങളാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനു കീഴില്‍ പ്രസിദ്ധീകരിച്ചിരുന്നത്.