ഇന്റര്‍വ്യൂകളിലെ സംസാരംകൊണ്ടും പെരുമാറ്റ രീതികള്‍ കൊണ്ടും ഏറെ പഴികേള്‍ക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. നടന്റെ വിഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പെരുമാറ്റം മോശമാണെന്ന് സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്. അതില്‍ നടന് മാപ്പ് പറയുകയും ചെയ്തു. തല്ലുമാല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലുലുമാളില്‍ എത്തിയപ്പോഴാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തന്റെ ചിത്രങ്ങള്‍ വിജയിക്കുമ്പോഴുള്ള അഹങ്കാരംകൊണ്ടാണ് ഇത്തരത്തില്‍ മോശം പെരുമാറ്റമെന്ന് ഷൈന്‍ പറഞ്ഞു. താന്‍ അഭിനയിച്ച കുറുപ്പ്, ഭീഷ്മപര്‍വ്വം തുടങ്ങിയ ചിത്രങ്ങള്‍ നിരവധി പ്രേക്ഷകര്‍ കണ്ടു. അതിന്റെ പുറത്തുണ്ടായ അഹങ്കാരമാണ് തന്റെ മോശം പെരുമാറ്റത്തിന് കാരണം. അതിനെല്ലാം മാപ്പ് പറയുകയാണെന്നും ഷൈന്‍ പറഞ്ഞു.
ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെയെന്നും എല്ലാവരും പൊറുക്കണമെന്നും ഷൈന്‍ പറഞ്ഞു. എനര്‍ജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ പറയുന്നു.
അതേസമയം തല്ലുമാലയുടെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തീയറ്ററില്‍ എത്തുന്നത്. ടൊവിനോയ്ക്കും ഷൈനിനുമൊപ്പം ലുക്മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഖാലിദ് റഹ്മാനാമ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന് പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന് പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.