കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്. മണിയച്ചന്റെ മോചനത്തിന് 30 ലക്ഷം കെട്ടിവയ്ക്കണമെന്ന ഉത്തരവില്‍ ഇളവ് തേടി ഭാര്യ ഉഷ നല്കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി നോട്ടിസ് അയച്ചത്. മൂന്നാഴ്ചയക്കം സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഗവര്‍ണര്‍ മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടും പിഴ കെട്ടിവയ്ക്കണമെന്ന നിബന്ധന അതിശയകരമെന്ന് സുപ്രിംകോടതി നീരീക്ഷിച്ചു. മണിച്ചന് അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച് മുപ്പത് ലക്ഷം രൂപ കെട്ടിവച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രന് സുപ്രിംകോടതിയെ സമീപിച്ചത്.
2000 ഒക്ടോബര്‍ 21നാണ് കല്ലുവാതുക്കല്‍ ദുരന്തം നടന്നത്. 31 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് കാഴ്ച നടപ്പെടുകയും 150 പേര് ചികിത്സ തേടുതയും ചെയ്തു. കേസില്‍ മുഖ്യപ്രതിയായിരുന്നു മണിയച്ചന്‍. മണിച്ചന് വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നു.