തോട്ടത്തില്‍ കൃഷി നശിപ്പിക്കാന്‍ ഇറങ്ങിയ കുരങ്ങുകളെ ഓടിക്കാന്‍ പുത്തന്‍ പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് ബിജു. സംഭവം അങ്ങ് ഇടുക്കി ഉടുമ്പന്‍ചോലയിലാണ്. ഏലത്തോട്ടത്തിലെ ജീവനക്കാരനാണ് ബിജു. കുരങ്ങുകള്‍ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചതോടെ വന്‍ നഷ്ടമുണ്ടായതോടെയാണ് പാമ്പുകളെ ഇറക്കി ബിജു പുത്തന്‍ പരീക്ഷണം നടത്തിയത്. കുരങ്ങുകള്‍ സ്ഥലം വിടുകയും കൃഷി പൂര്‍വ സ്ഥിതിയില്‍ എത്തുകയും ചെയ്തു. ഇതോടെ പരീക്ഷണം തുടര്‍ന്നിരിക്കുകയാണ് ബിജു.
പാമ്പുകളെ ഇറക്കി എന്ന് പറയുമ്പോള്‍ ബിജുവിന്റെ പാമ്പുകള്‍ ഒറിജിനലല്ലെന്ന് പ്രത്യേകം പറയണം. അല്ലെങ്കില്‍ ആ ഭാഗത്തേക്ക് ഒരാള്‍ പോലും അടുക്കില്ല. ഒറിജിലിനെ വെല്ലുന്ന റബ്ബര്‍ പാമ്പുകളെയാണ് ബിജു ഇറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ വിപണിയില്‍ കിട്ടുന്നവയാണ് ഈ പാമ്പുകള്‍. ബിജു നോക്കി നടത്തുന്ന ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ കൂട്ടത്തോടെ എത്തുന്ന കുരങ്ങന്മാര് വ്യാപാകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതിനൊരു പോംവഴി അന്വേഷിച്ച് നടക്കുമ്പോളാണ് തോട്ടത്തില്‍ ചത്ത് കിന്ന പാമ്പിനെ കണ്ട് കുരങ്ങുകള്‍ പമ്പകടക്കുന്നതു കണ്ടത്.
ഇത് ഒന്നു പരീക്ഷിക്കാന്‍ തന്നെ ബിജു തീരുമാനിച്ചു. അങ്ങനെ റബ്ബര്‍ പാമ്പുകളെ വാങ്ങി മരത്തിലും മറ്റും കെട്ടിവച്ചു. സംഗതി ഏതാലായും വിജയിച്ചിട്ടുണ്ട്. ഇന്ന് ഇരുനൂറോളം റബ്ബര്‍ പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നത്. ചൂണ്ട നൂലില്‍ കോര്‍ത്ത് മരത്തിലും ഏലച്ചെടികളിലും പാമ്പുകളെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ചെറിയ കാറ്റില്‍ പോലും ഇവ ചലക്കുന്നതിനാല് കുരങ്ങുകള്‍ ഭയന്നോടും. തോട്ടത്തില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ റബ്ബര്‍ പാമ്പിനെ അടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. വാനരന്മാരെക്കൊണ്ട് പൊറുതിമുട്ടിയ മറ്റ് തോട്ടം തൊഴിലാളികളും ബിജുവിന്റെ പാത പിന്തുടരാന് തീരുമാനിച്ചിരിക്കുകയാണ്.