പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കൂടി വരികയാണ്. ഏറ്റവും ഒടുവില്‍ പാറശാലയില്‍ നിന്നും ഷാരോണിനെ കാമുകി കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു കൊന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പെണ്‍കുട്ടി കുറ്റം സമ്മതിച്ചത്. ഇപ്പോള്‍ ഈ കേസിന് സമാനമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ് .
തിരുവനന്തപുരത്തു നിന്ന് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചതിന്റെ കാരണം കാമുകനാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 19 വയസുകാരിയായ അഭിതയാണ് ചികിത്സയ്ക്കിടെ മരിച്ചത്. കാമുകന് നല്കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്, പിന്നാലെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി, എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അഭിതയുടെ അച്ഛന് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. അഭിതയും യുവാവും ഏറെനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവ് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നു എന്ന് അഭിതയുടെ ബന്ധുക്കള്‍ പറയുന്നു.
കാമുകനെ കണ്ടു വന്നതിനുശേഷം ആണ് പെണ്‍കുട്ടിക്ക് വയറുവേദന തുടങ്ങിയത്. ആ സമയത്ത് ഇയാള്‍ ശീതള പാനീയം നല്കിയെന്നു അഭിത തന്നെ ബന്ധങ്ങളോട് പറഞ്ഞു. വയറുവേദന കൂടിയപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടിയായിരുന്നു യുവതി മരണപ്പെട്ടത് .