നഗ്ന ഫോട്ടോഷൂട്ട് നടത്തിയ കേസില്‍ നടന് രണ്‍വീര്‍ സിംഗ് പൊലീസിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നടന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. പൊലീസ് നടന്റെ മൊഴി രേഖപ്പടുത്തകയും ചെയ്തു.
അടുത്തിടെയാണ് രണ്‍വീര്‍ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. വിഷയത്തില്‍ നടനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി. സംഭവത്തില്‍ ഒരു എന്‍ജിഒ ഭാരവാഹിയും വനിതാ അഭിഭാഷകയും പരാതി നല്‍കിയതോടെ നടനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെമ്പൂര് പൊലീസ് സമന്‍സ് അയച്ചത്.
രണ്‍വീറിന് പിന്തുണ അറിയിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. രണ്‍വീര്‍ ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് കാര്യമായ ജോലി ഒന്നുമില്ലായിരിക്കാം എന്നുമാണ് വിദ്യാ ബാലന് പ്രതികരിച്ചത്. താനും നഗ്ന ഫോട്ടോ ഷൂട്ടിന് തയ്യാറാണെന്നായിരുന്നു രണ്‍വീറിന് പിന്തുണയറിയിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞത്.