നഗ്ന ഫോട്ടോഷൂട്ട് വിവാദത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ ചോദ്യം ചെയ്യാന്‍ തീരുമാനം. ഈ മാസം 22ന് ചെമ്പൂര് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് നടന് നോട്ടിസ് നല്കി. ചെമ്പൂര് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച നടന്റെ വസതിയില്‍ നേരിട്ടെത്തിയിരുന്നു. എന്നാല്‍ താരം മുംബൈയില്‍ ഉണ്ടായിരുന്നില്ല.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന് എന്ന എന്‍ജിഒ നല്കിയ പരാതിക്ക് പിന്നാലെയാണ് രണ്‍വീറിനെതിരെ കേസെടുത്തത്. കുട്ടികളുടെയും വിധവകളുടെയും നല്ല ഭാവിക്കായി പ്രവര്‍ത്തിക്കുന്നവരാണെന്നും രണ്‍വീര്‍ ചിത്രങ്ങള്‍ എടുത്ത രീതി കണ്ടാല്‍ ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകുമെന്നും എന്‍ജിഒ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രണ്‍വീര്‍ സിംഗിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസമായിരുന്നു വിവാദ ഫോട്ടോഷൂട്ട് നടന്നത്. ഇതിനു ശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. പേപ്പര്‍ മാഗസിന് വേണ്ടിയാണ് രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. പേപ്പര്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍, തനിക്ക് ശാരീരികമായി നഗ്നനാകുന്നത് എളുപ്പമാണെന്ന് രണ്‍വീര്‍ പറഞ്ഞിരുന്നു.