ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരെ ലോകായുക്തയ്ക്ക് പരാതി നല്കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി ആര്. ബിന്ദു കത്തെഴുതിയത് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല പരാതി നല്‍കിയത്. നടപടി അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണെന്നും അതിനാല്‍ മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നുമാണ് ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിയില്‍ ലോകായുക്ത സര്‍ക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുണ്‍ ആര്.റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കേസ് ഈ മാസം 18 ന് പരിഗണിക്കും.
കണ്ണൂര്‍ വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. ഗവര്‍ണര്‍ തന്റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതല്‍ യുഡിഎഫ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു.