ഭരണഘടനയ്ക്കെതിരായ വിവാദ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന് പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്വായ്പൂര് പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്.
പ്രസംഗം വിവാദമാകുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സജി ചെറിയാന് ഇനി എംഎല്‍എ ആയി തുടരാന്‍ ആകുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ സജി ചെറിയാന് ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎല്‍എ സ്ഥാനവും രാജിവയ്ക്കേണ്ടി വരുമെന്നും ചില നിയമ വിദഗ്ധര്‍ പറയുന്നു.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താന്‍ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാര്‍ പറയുന്നതിനനുസരിച്ച് ചിലര്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി.പി.ഐ.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമര്‍ശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരില്‍ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫേസ്ബുക്ക് രാഷ്ട്രീയ വിശകലന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാന്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശന് അടക്കം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം ചോദിച്ചിരുന്നു.