കാക്കനാട്ടെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ടത് ലഹരിമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണനും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളാണ്. പിടിയിലാകുമ്പോള്‍ അര്‍ഷാദിന്റെ കൈവശം മയക്കുമരുന്നുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അര്‍ഷാദ് കൊണ്ടോട്ടിയിലെ ജ്വല്ലറി മോഷണക്കേസ് പ്രതിയാണ്. അര്‍ഷാദിന്റെ സഹായി അശ്വന്തും പൊലീസ് പിടിയിലായിട്ടുണ്ട്.
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പതിനാറാം നിലയില്‍ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്ത് തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടന്നത് ഈ മാസം 12നും 16നും ഇടയിലായിരിക്കാമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ടു ദിവസമായി സജീവിനെ ഫോണില്‍ ലഭിക്കാതായതോടെ ഒപ്പം താമസിച്ചിരുന്ന യുവാക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ തിങ്കളാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത്.
അര്‍ഷാദിനെ വിളിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന് സന്ദേശമയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. സംശയം തോന്നിയതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും, പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്ളാറ്റ് തുറക്കുകയുമായിരുന്നു. വിശദമായ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.