ഞങ്ങളെ വേണ്ടാത്തവരെ ഓര്‍ത്തുഎന്തിനു ജീവിതം പാഴാക്കണം ; ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ എത്തിയതോടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിഞ്ഞത്. ഷോയിലെ ശക്തമായ മത്സരാര്‍ത്ഥി ആയിരുന്നു ആര്യ. ഇതിനുമുമ്പ് മറ്റ് ടെലിവിഷന്‍ പ്രോഗ്രാമുകളിലും ആര്യ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ തകര്‍പ്പന്‍ ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. നേരത്തെ താരം പങ്കുവെച്ച പല ചിത്രങ്ങളും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു ,എന്നാല്‍ ഇവര്‍ക്കു മുന്നില്‍ തോറ്റു കൊടുക്കാതെ അതിന് ശക്തമായ മറുപടിയും ആര്യ കൊടുത്തിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്കും ആര്യ വ്യക്തമായ മറുപടി കൊടുക്കാറുണ്ട് അതുപോലെ തന്നെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടമെല്ലാം ഈ താരം ഷെയര്‍ ചെയ്യാറുണ്ട്.

തന്റെ പ്രണയത്തെക്കുറിച്ച് ബിഗ് ബോസില്‍ വെച്ച് ആര്യ വിശദമായി പറഞ്ഞിരുന്നു . പുറത്തു വന്നപ്പോള്‍ ആ പ്രണയം പോയെന്നും ആര്യ തന്നെ പറഞ്ഞു. 2008ലാണ് ആര്യയും സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ സഹോദരനും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ രോഹിത്തും തമ്മിലുള്ള വിവാഹം . എന്നാല്‍ ആ ബന്ധം അധികകാലം മുന്നോട്ടുപോയില്ല, 2018 ലാണ് തങ്ങള്‍ രണ്ടും വിവാഹമോചിതരായി എന്ന് ആര്യ വ്യക്തമാക്കിയത്. ഈ ബന്ധത്തില്‍ റോയ എന്നൊരു മകളുമുണ്ട് ഇരുവര്‍ക്കും.

ഇപ്പോള്‍ റോയ ആര്യക്കൊപ്പമാണ് താമസിക്കുന്നത് ,എന്നാല്‍ മകളുടെ കാര്യത്തില്‍ രണ്ടുപേരും ഒരു പോലെ ശ്രദ്ധ കൊടുക്കാറുണ്ട് എന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആര്യയും മകളും വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ചിത്രങ്ങളില്‍ ആര്യ മകളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. ഞങ്ങളെ വേണ്ടാത്തവരെ ഓര്‍ത്തു എന്തിനു ജീവിതം പാഴാക്കണം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഒറ്റയ്ക്ക് മകളെ വലുതാക്കുക എന്നത് ഒരു ഭാരമല്ല എന്ന തലക്കെട്ടാണ് മകളെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രത്തിന് താഴെ കൊടുത്തത്.

ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമ്മയും മകളും ഒരേ മോഡല്‍ വസ്ത്രം ധരിച്ചാണ് ചിത്രത്തില്‍ എത്തിയത്. മകള്‍ റോയയെ കുറിച്ച് എപ്പോഴും ആര്യ പറയാറുണ്ട്. മകളുടെ പിറന്നാള്‍ എല്ലാം അതിഗംഭീരമായിട്ടാണ് ആര്യ നടത്തിയത്.