കേരളത്തിൽ കൊവിഡും പ്രളയവുമുണ്ടായത് മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല ശാസ്താവിന്റെ പ്രാക്കാണെന്ന് പിസി ജോർജ്.മുഖ്യമന്ത്രി പിണറായി വിജയൻ ജയിലിൽ കിടക്കും, ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. പിണറായിക്ക് എതിരെയുള്ള പോരാട്ടം ഇങ്ങനെ പോരാ. ബിജെപി പോരാട്ടം ശക്തിപ്പെടുത്തണം. പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടാണ്. എല്ലാം ചുമക്കുകയെന്നത് മലയാളികളുടെ ഗതികേടാണെന്ന് പിസി ജോർജ് പരിഹസിച്ചു.ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കും. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും. 2029ൽ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. പൗരത്വ ഭേദഗതി നിയമം ഒരു വിഭാഗത്തെയും അപമാനിക്കാനുള്ളതല്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത ആളുകളെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ളതുമാണ് ഈ നിയമമെന്നും പിസി ജോർജ് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച തീരുമാനിച്ചതിലെ മുസ്ലിം ലീഗിൻ്റെ എതിർപ്പ് പിണറായി വിജയൻ എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് പിസി ജോർജ് ചോദിച്ചു. 2009ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത് ഞായറാഴ്ചയാണ്. അന്ന് ക്രിസ്ത്യൻ വിശ്വാസപ്രകാരം പള്ളിയിൽ പോകണം. എന്നാൽ ഒരു ക്രിസ്ത്യാനിയും തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് അന്ന് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.ജുമാ നിസ്കാരം കഴിഞ്ഞ് മുസ്ലിം സഹോദരങ്ങൾ വോട്ട് ചെയ്താൽ മതിയെന്ന് പിസി ജോർജ് പറഞ്ഞു. വർഗീയത് മാറ്റിവെക്കാൻ രാഷ്ട്രീയപാർട്ടികൾ തയാറാകണം. നാണംകെട്ട വർഗീയതയുമായി കോൺഗ്രസും ഇടതുമുന്നണിയും വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൻഡിഎ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിസി ജോർജ്.