കേരളത്തില്‍ പടര്‍ന്നുപിടിക്കുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനം നടന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം എന്നതാണ് സംസ്ഥാനത്തെ നിലവിലത്തെ അവസ്ഥ. ടി പി ആര് എക്കാലത്തേയും വലിയ നിരക്കിലെത്തി. ജലദോഷപ്പനി പോലെയോ യാതൊരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പിക്കുന്നത്.
ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ ശരാശരി 79,456 കേസുകളില്‍ 0.8ശതമാനം പേര്‍ക്ക് മാത്രമണ് ഓക്സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നത്. ഇത് ഉയര്‍ന്നിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10 ശതമാനമാണ് വെന്റിലേറ്റര്‍ ചികിത്സ ആവശ്യമായി വരുന്നത്. ഐ.സി.യു സംവിധാനങ്ങള്‍ വേണ്ടവരിലെ വര്‍ധന 29ശതമാനവുമായിട്ടുണ്ട്.
അതിനിടെ രണ്ട് ഡോസ് വാക്സിന് എടുത്തവരിലും രോഗം പടര്‍ന്നുപിടിക്കുകയാണ്. ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ച 1,26,000 പേരില്‍ 58 ശതമാനവും രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. ഒരു ഡോസ് മാത്രമെടുത്ത 8 ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചു. രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്ത 25 ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്.