ദില്ലി: ഓസ്കർ വേദിയിൽ ഇന്ത്യക്ക് അഭിമാനമായി രണ്ട് നേട്ടങ്ങൾ ആണ് ഇന്ത്യൻ സിനിമ നേടിയത്.
‘ദ എലഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ആണ് ഓസ്കര് നേടിയത്.
ഇപ്പോഴിതാ വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്.
അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്.
ഇതിന്റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.
എലിഫന്റ് വിസ്പേറേഴ്സ്ന്റെ നേട്ടത്തിലും പ്രധാന മന്ത്രി പ്രശംസ അറിയിച്ചു. ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മുഴുവൻ ടീമിനും അഭിനന്ദനം അറിയിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവരുടെ ഡോക്യുമെന്ററി മനോഹരമായി ഉയര്‍ത്തി കാട്ടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ ആർ ആർ. എം എം കീരവാണി ആയിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.
എലിഫന്റ് വിസ്പേറേഴ്സ് സംവിധാനം ചെയ്തത് കാര്‍ത്തിനി ഗോണ്‍സാല്‍വെസ് ആയിരുന്നു.മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്റ് വിസ്പേറേഴ്സ് പറയുന്നത്.
തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാൻ കാര്‍ത്തിനി ഗോണ്‍സാല്‍വെസിന് സാധിച്ചു.