കോഴിക്കോട്: കോഴിക്കോട്ടെ സ്കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്. ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ല എന്ന് എംടി രമേശ് പറഞ്ഞു.
ബിജെപിക്ക് റോളൊന്നുമില്ല, ആ പ്രദേശത്ത് തന്നെ ഒന്നോ രണ്ടോ പേര് മാത്രമാണ് ബിജെപിയിലുള്ളത്. കോണ്‍ഗ്രസ് അനുഭാവമുള്ള മാനേജ്മെന്റ് ആണ് സ്കൂളിന്റേത് എന്നാണ് എംടി രമേശ് പറയുന്നത്.
ഗണപതി ഹോമം നടന്നതില്‍ തെറ്റില്ല എന്നും എംടി രമേശ് പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയാണ് നടന്നത്. മാനേജുമെന്റ് സ്വന്തമായി നിര്‍മിക്കുന്ന കെട്ടിടമാണ്. അവിടെ പൂജ നടത്തുന്നതില്‍ തെറ്റില്ല എന്നും എം ടി രമേശ് പറഞ്ഞു.
സിപിഐഎം ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുകയാണ്. മറ്റ് മതങ്ങളുടെ ചടങ്ങുകള്‍ സിപിഐഎം അലങ്കോലപ്പെടുത്തുമോ എന്നും എം ടി രമേശ് പ്രതികരിച്ചു.
സ്കൂളില്‍ പൂജ നടത്തിയതിനു പിന്നില്‍ ബിജെപിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത് എന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തിയത്.
കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പൂജയ്ക്ക് നേതൃത്വം നല്‍കിയത് സ്കൂള്‍ മാനേജരുടെ മകന് രുധീഷ് ആണ്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
പിന്നാലെയാണ് പൊലീസെത്തി സ്കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തു. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തു. സ്കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്.