പുതിയ സംരംഭമായ ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ബോബി ചെമ്മണ്ണൂര്‍. കടയുടെ ഉദ്ഘാടനത്തിന് ജീപ്പിന് മുകളില്‍ കയറിയിരുന്നാണ് ബോബി ചെമ്മണ്ണൂര്‍ എത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. തനിക്കെതിരെ കേസെടുക്കാന്‍ ബോബി ചെമ്മണ്ണൂര്‍ തന്നെ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ വാഹന ഉടമക്ക് നോട്ടിസ് നല്കാന് നിയമനടപടി തുടങ്ങി.
തനിക്കെതിരെ കേസെടുക്കുമ്പോള്‍ ചിലര്‍ക്ക് സന്തോഷമുണ്ടായേക്കാമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. എന്നാല്‍ താന്‍ അത് കാര്യമാക്കുന്നില്ല. തെറ്റുകള്‍ ചെയ്തിട്ടും താന്‍ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാല്‍ ആരോപണ വിധേയനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഫൈനായാലും ജയിലായാലും പൂര്‍ണമനസോടെ സ്വീകരിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.
കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് കഴിഞ്ഞ ദിവസം ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണ്ണൂര്‍ എത്തിയത്. സ്ഥിരമായി ബോബി ചെമ്മണ്ണൂര്‍ ഇത്തരം നിയമ ലംഘനം നടത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവ സമയത്ത് വാഹനമോടിച്ച ആള്‍ക്ക് എതിരെയും നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി. തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.