കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവദാനം വൈകിയതിനെ തുടര്‍ന്ന് രോഗിമരിച്ചത് വലിയ വാര്‍ത്തയായിരുന്നു. എറണാകുളം രാജഗിരി ആശുപത്രിയില്‍ മരിച്ച ജിജിത്തിന്റെ വൃക്കയാണ് തിരുവനന്തപുരം സ്വദേശിക്ക് വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ വിജയകരമാകാത്തതിനെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ജിജിത്തിന്റെ അമ്മ.
‘മകന് പോയി, അതു കൊണ്ട് മറ്റേതെങ്കിലും മനുഷ്യരുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മാത്രമാണ് ചിന്തിച്ചത്’ എന്ന് ജിജിത്തിന്ഫെ അമ്മ ശാന്ത മാധ്യമങ്ങളോട് പറഞ്ഞു. അവയവദാനം നടത്തുക എന്നത് കുടുംബം കൂട്ടായി എടുത്ത തീരുമാനമാണെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
ജിജിത്തിന്റെ അവയവങ്ങള്‍ ഏഴുപേര്‍ക്കാണ് ദാനം ചെയ്തത്. കഴിഞ്ഞ 14 നാണ് 34 കാരനായ ജിജിത്ത് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിജിത്തിന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് വൃക്കയുമായി ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കേളജിലെത്തിയത്. മെഡിക്കല്‍ കോളജില്‍ നാല് മണിക്കൂര്‍ കഴിഞ്ഞാണ് ശസ്ത്രിക്രിയ നടന്നത്. ശസ്ത്രക്രിയ വൈകിയതിനാലാണ് കാരണക്കോണം സ്വദേശിയായ സുരേഷ് കുമാര്‍ മരിച്ചതെന്നാണ് ആക്ഷേപം.