നടി ദീപിക ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ് താര ദമ്പതികൾ അറിയിച്ചിരിക്കുന്നത്.ദീപിക പൊതുവേദിയിലെത്തിയപ്പോൾ പല സംശയങ്ങളും വന്നു. ദീപിക യഥാർത്ഥത്തിൽ ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നു. അഞ്ച് മാസം ഗർഭിണിയാണെങ്കിലും നടി വണ്ണം വെച്ചിട്ടില്ല, വയർ മാത്രമുണ്ട് എന്നാെക്കെയാണ് കമന്റുകൾ. വാടകഗർഭ പാത്രം വഴിയായിരിക്കാം നടി അമ്മയാകുന്നത്, ഇക്കാര്യം മറച്ച് വെക്കാൻ ഗർഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും വാദം വന്നു.കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനും നടി തയ്യാറാകുമോയെന്നും ചോദ്യങ്ങൾ വന്നു. കമന്റുകളിൽ സംശയങ്ങൾ കൂടിയിരിക്കെ ദീപികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാളെ താൻ ലൈവിൽ എത്തും, കാത്തിരിക്കൂ എന്നാണ് ദീപികയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് ഒരുപക്ഷെ താരം പ്രതികരിച്ചേക്കാം.
അതേ സമയം ബോളിവുഡിൽ നിരവധി താരങ്ങൾ വാടക ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഇളയ മകൻ അബ്രാം ഖാൻ സറൊഗസിയിലൂടെയാണ് പിറന്നത്. പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, ഏക്ത കപൂർ തുടങ്ങിയ താരങ്ങളും വാടക ഗർഭധാരണം വഴി അമ്മയായി. തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻതാരയുടെ സറൊഗസി വലിയ തോതിൽ ചർച്ചയായതാണ്.നടിക്കെതിരെ വ്യാപക സൈബർ ആക്രമണം ഇതിന്റെ പേരിൽ വന്നിരുന്നു. എന്നാൽ നയൻതാര ഇതവഗണിച്ചു. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് ദീപിക ഗർഭിണിയായത്. അടുത്തിടെ പുറത്തിറങ്ങിയ പഥാൻ, ജവാൻ, ഫെെറ്റർ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനമാണ് ദീപിക കാഴ്ച വെച്ചത്. കൽകി 2898 എഡി യാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ.