2019 മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹങ്ങളുടെ കാലമായിരുന്നു. മമ്മൂട്ടി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ എല്ലാ സിനിമകളും വിജയമായി മാറുന്നതാണ് കണ്ടത്. രസകരമായ കാര്യം മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം പിറന്നതും ഈ വര്‍ഷമായിരുന്നു. മാത്രമല്ല രണ്ട് നൂറ് കോടി സിനിമകളാണ് ഒരു വര്‍ഷം തന്നെ താരരാജാവ് സ്വന്തം പേരിലാക്കിയത്. മമ്മൂട്ടിയെ പോലെ തന്നെയായിരുന്നു ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ കാര്യവും. തമിഴിലും മലയാളത്തിലുമായി മഞ്ജു അഭിനയിച്ച സിനിമകളെല്ലാം ഗംഭീര പ്രകടനമായിരുന്നു. ഇരുന്നൂറ് കോടി ചിത്രത്തിലും നൂറ് കോടി നേടിയ ചിത്രത്തിലും മഞ്ജുവായിരുന്നു നായിക. ഇപ്പോഴിതാ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.
താരരാജാവായ മോഹന്‍ലാലിനൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിയാത്തതിന്റെ നിരാശ നടി മഞ്ജു വാര്യര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അസുലഭ നിമിഷത്തിന് വേണ്ടി സിനിമാപ്രേമികളും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയൂടെ ചിത്രീകരണത്തിന് തുടക്കമായി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ബി ഉണ്ണി കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്. സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് ശേഷം മമ്മൂട്ടിയ്ക്കും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രം സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഈ ന്യൂയര്‍ മനോഹരമാക്കി തീര്‍ത്തതിനാല്‍ മമ്മൂക്കയോട് നന്ദി പറയുകയാണ്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമയിലൂടെ ഞാനും ആന്റോയും വീണ്ടും നിര്‍മാതാക്കളായി എത്തുകയാണെന്നും ചിത്രത്തിന് താഴെ ബി ഉണ്ണികൃഷ്ണന് കുറിച്ചു. 2020 ല്‍ തന്നെ ിയറ്ററുകളിലേക്ക് എത്തിക്കാന്‍ പാകത്തിനാണ് സിനിമയൊരുക്കുന്നത്.