തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച. പേ വാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആള് 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശിനിയും ഹൃദ്രോഗിയുമായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്.
ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം നടന്നത്. ഡോക്ടറുടെ വേഷത്തിലെത്തിയ ആള് ഗോമതിയെ പരിശോധിച്ചു. ഇയാല്‍ സ്റ്റെതസ്കോപ്പ് ധരിച്ചിരുന്നു. ഇതാണ് ഡോക്ടറാണെന്ന് വിശ്വസിക്കാന്‍ ഗോമതിയേയും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയേയും പ്രേരിപ്പിച്ചത്. ഇയാള്‍ തന്നെ ഇന്ന് പുലര്‍ച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാന്‍ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കാനാണ് പറഞ്ഞതെന്ന് ഗോമതി പറയുന്നു.
44 ആം നമ്പര്‍ പേ വാര്‍ഡിലാണ് മോഷണം നടന്നത്. ഹൃദയവാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കല്‍ കോളജിലെത്തിയത്. ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇതിനിടെയാണ് മോഷണം നടന്നത്.
ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മോഷണം നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം പി.ജി. ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിലായിരുന്നു. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലാണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒന്നാം വാര്‍ഡില്‍ കാലിന് പരുക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശിയെയാണ് നിഖില്‍ കബളിപ്പിച്ചത്. ആശുപത്രി ജീവനക്കാരാണ് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്പിച്ചത്. ഇത് കൂടാതെ ആശുപത്രിയില്‍ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. വീഴ്ചകള്‍ തുടരെ സംഭവിക്കുമ്പോഴും പരിഹാരത്തിന് മാത്രം ശ്രമങ്ങളില്ല.