തെരുവ് നായ ശല്യത്തിനെതിരെ കണ്ണൂരില്‍ വേറിട്ട പ്രതിഷേധം. കളക്ട്രേറ്റിന് മുന്നില്‍ മരത്തില്‍ ചങ്ങലയില്‍ ബന്ധിതനായാണ് സുരേന്ദ്രന് കുക്കാനത്തില്‍ എന്നയാളുടെ ഒറ്റയാള്‍ പ്രതിഷേധം. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്രതിഷേധം അരങ്ങേറിയത്.
തെരുവ് നായ്ക്കളെ നിയന്ത്രിക്കുക, സര്‍ക്കാര്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫുട്പാത്തിലെ മരത്തില്‍ കയറി സുരേന്ദ്രന് സ്വയം ചങ്ങലയില്‍ ബന്ധിതനാവുകയായിരുന്നു.
സംസ്ഥാനവ്യാപകമായി തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. നിരവധി പേരെയാണ് തെരുവ് നായ ആക്രമിക്കുന്നത്. അതിനിടെ ചങ്ങനാശ്ശേരിയില്‍ തെരുവ് നായയെ കൊന്ന് കെട്ടിതൂക്കിയ സംഭവം വിവാദമായിരുന്നു. നായയെ കെട്ടിത്തൂക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തി. തെരുവ് നായകളോട് ഇത്തരം ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു. വീട്ടമ്മയെ കടിക്കാന്‍ ഓടിച്ചതിന് പിന്നാലെയാണ് നായയുടെ ജഡം വൈദ്യുതി പോസ്റ്റില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്.