മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ബോധവത്ക്കരണ ക്യാമ്പയിനില്‍ ഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ഇതിന്റെ ഭാഗമായി പുതിയ ബോധവത്ക്കരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. സംഘര്‍ഷം ഒഴിവാക്കി ഡ്രൈവിംഗ് സുഗമമാക്കണമെന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറുന്നത്.
‘പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മള്. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അംഗീകരിക്കാന്‍ സാധിച്ചാല്‍, അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ കുറച്ചു കൂടി സംഘര്‍ഷം ഇല്ലാതെ ആകും.
ഡ്രൈവിംഗ് സുഗമമാകും. ഡ്രൈവിംഗ് സുഗമമാക്കുക. സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക. അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക. അതാണ് സംസ്കാരം. സംസ്കാരം ഉള്ളവരായി മാറുക’, എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ചിത്രം പുരോഗമിക്കുകയാണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറാണ്.
ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന് ശ്യാമാണ്.ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.