കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസി ഷെയിന്‍ നിഗം എന്നിവരെ സിനിമ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന് ലുക്മാന് അവറാന്. കലാകാരന്മാരെ വിലക്കാനാകില്ലെന്നും ഭൂമിയുള്ള കാലത്തോളം അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുമെന്നും ലുക്മാന് പറഞ്ഞു. ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു വിലക്ക് സംബന്ധിച്ചുള്ള വിഷയത്തില്‍ ലുക്ക് മാന്‍ പ്രതികരിച്ചത്.
‘കലാകാരന്മാരെ അങ്ങനെ വിലക്കാനൊന്നും സാധിക്കില്ല. അവര്‍ക്ക് പല അവസരങ്ങളും ലഭിച്ചു കൊണ്ടേയിരിക്കും. കലാകാരന്മാര്ക്ക് അടച്ചിട്ടില്ല വാതിലുകള്‍ ഇല്ല. ഭൂമി ഉള്ളിടത്തോളം അവര്‍ക്ക് അവസരങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കും എന്നാണ് ലുക്മാന് പറഞ്ഞത്.
അതേസമയം ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വിലക്ക് നേരിടുന്ന ആര്‍ട്ടിസ്റ്റുകളുമായി ഞാന്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്തിട്ടുണ്ട്. അവിടെ അങ്ങനത്തെ ഒരു പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. എന്ന് കരുതി അപ്പുറത്തെ സൈഡ് എന്താണ് എന്നറിയാതെ നമുക്ക് ഒന്നും പറയാനും പറ്റില്ല’, എന്നും ലുക്മാന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ജാക്സണ് ബസാര്‍ യൂത്ത് എന്ന ചിത്രമാണ് ലുക്മാന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
സുലൈഖ മന്‍സില്‍ എന്ന ചിത്രമായിരുന്നു താരത്തിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍ ആയിരുന്നു നായികയായി എത്തിയത്.